13 ഏപ്രിൽ 2012

നാട്ടിലെങ്ങും വട്ടായി............



നാട്ടിലെങ്ങും വട്ടായി............


 പാട്ട് പാടിയാണ്
ചിലര്‍ക്ക്‌വട്ട് പിടിച്ചത്‌
വട്ട് പിടിച്ചാണ്
ചിലര്‍ പാട്ട് പാടി
തുടങ്ങിയതും..............
എല്ലാം
പശിയടക്കാന്‍ വേണ്ടി


 പരിണാമം

ഇന്നലെ
ഭാഗ്യക്കുറി ടിക്കറ്റ്‌
വിറ്റു തെരുവിലലഞ്ഞവന്‍
ഇന്ന്
പത്രക്കെട്ടുമായ്‌
തെരുവില്‍
അലഞലറുന്നു
നാളെയാണ് നാളെയാണ്
ചൂടുള്ള വാര്‍ത്ത‍
നാളെയാണ് നാളെയാണ്


 സുപ്രഭാതം

നോഹയുടെ
പെട്ടകത്തിലെ
വെള്ളരിപ്രാവ്‌
'അവരുടെ'
മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്
കാബേലിന്
ശവ'സംസ്കാരം'
പഠിപ്പിച്ചു കൊടുത്ത
"കറുത്ത" കാക്കയുടെ
രൂപത്തില്‍

"മുത്തക്ഷി"ക്കഥ

അധികാരത്തിന്‍റെ
അപ്പക്കഷ്ണം
പാടുന്ന കാക്ക
കൊതിയനാം
കുറുക്കന്‍...

"അമ്മിണി"
ടീച്ചറുടെ കഥ
കേട്ടു മടുത്ത
കോരന്‍
കുംബിളുമെടുത്തു
ഉച്ചകഞ്ഞി 
തേടിപ്പോയി






11 ഏപ്രിൽ 2012

UNI-WORSE-CITY




ഒന്ന്‍

തിന്നു തീര്‍ത്ത
ഉത്തരക്കടലാസുകള്‍
പുനര്‍മൂല്യനിര്‍ണയത്തിനു
വേണ്ടി തിരിച്ചു
ചോദിക്കുമെന്ന
ഭയത്താല്‍
നാളെ മുതല്‍
സര്‍വ്വകലാശാലാ
വളപ്പില്‍
പശുക്കള്‍
അലഞ്ഞുതിരിഞ്ഞു
നടക്കില്ല

രണ്ട്

അര്‍ജെന്‍റ് കേസുകള്‍
പോലും
വര്‍ഷങ്ങള്‍ കൊണ്ട്
പരിഹാരമാക്കുന്ന
ഉറക്ക കലണ്ടര്‍
കണ്ടു ഭയന്നാണത്രേ
സര്‍ട്ടിഫിക്കറ്റ്
സെക്ഷനിലെ
കൂറകള്‍
ജനിക്കാതെ
മരിച്ചവരായത്‌

മൂന്ന്‍

ചോണനുറുമ്പുകള്‍
കാന്‍റീനിലെ
സഹവാസം
മാറ്റിയത്
വി സി
അനധികൃതമായി
അണ്ടിപ്പരിപ്പ്
തിന്നുന്നുണ്ടെന്ന
സഹജീവനക്കാരുടെ
ചുമരെഴുത്ത്
കണ്ടു  ഭയന്ന്

നാല്
വി സി എന്നും
വിസി തന്നെ

03 ഏപ്രിൽ 2012

അഞ്ചാം മന്ത്രി.......

കണ്ണു പറ്റി മരിച്ചവന്‍റെ
ചാവടിയന്തിരത്തിനു
ക്ഷണിച്ചു വരുത്തി
കുത്തിയിരുത്തി
മുന്നില്‍ ഇലയിട്ടു പറയുന്നു
ചോറ് തീര്‍ന്നിട്ടില്ല.....
ഇരുപത്തൊന്നു പേര്‍ക്ക്‌
വെച്ചു വിളമ്പിയതാ
ഇനിയിപ്പോ
ഒരുത്തന് കൂടി കൊടുത്താല്‍
അടിയന്തിരത്തിനു
വിളിച്ചു വരുത്തിയവരുടെ
എണ്ണം തെറ്റി പ്പോകും
അത് കൊണ്ട് മാത്രമാ
ഒന്നും വിചാരിക്കരുത്






02 സെപ്റ്റംബർ 2011

മേല്‍ക്കൂര



അവളുടെ
സ്വപ്നങ്ങള്‍
കടമെടുത്ത്‌
മേല്‍ക്കൂര
മേഞ്ഞതിനാല്‍
മാത്രമായിരിക്കാം
പെയ്തതൊക്കെയും
പുറത്തു പോകാതെ
ജീവിതം
ചോര്‍ന്നൊലിച്ചു
തീര്‍ന്നു പോയത്‌ ,,,,,,,









31 ഓഗസ്റ്റ് 2011

വിവരാവകാശം.................!

                                                                                                                                                                                                                
                               ഓഫീസിലെ
                             നഷ്ടപ്പെട്ട
                             ഉച്ചയുറക്കം
                             തിരിച്ചു കിട്ടാന്‍
                             ബാഗില്‍നിന്നു
                             ഉറക്കഗുളിക
                             തപ്പിയെടുത്ത്
                             മിനറല്‍ വാട്ടറിന്‍റെ
                             കുപ്പി തുറന്നപ്പോള്‍

                              രണ്ടു 
                              പരല്‍മീനുകള്‍
                              പുറത്തു ചാടി
                              ഫയലുകള്‍
                                                 പരതി നോക്കി.....................
                              
                             
                            

28 ഓഗസ്റ്റ് 2011

കോരനു കഞ്ഞി ഗൂഗിളില്‍ തന്നെ.............!

 കാണം വിറ്റ
കാശിനു
ഓര്‍ക്കുട്ടില്‍
പൂക്കളം തീര്‍ത്തു
കോരന്‍......

ഫേസ്ബുക്കില്‍
ഡിജിറ്റല്‍ സദ്യയും
നല്‍കി
മുടിഞ്ഞു കോരന്‍


കോരനു കഞ്ഞി
ഗൂഗിളില്‍ തന്നെ........

03 ജൂൺ 2011

കവി ഹൃദയം





കാത്തു സൂക്ഷിക്കുവാനായ്‌

ഞാന്‍

ചില്ലിട്ടു നല്‍കിയ
എന്‍റെ ഹൃദയം
എന്നോട് പറയാതെ
കെട്ടിയവള്‍
പുരാവസ്തു വകുപ്പിനു
കൈമാറിയിരിക്കുന്നു..........

27 മേയ് 2011

പുനര്‍വായന





ഡാര്‍വിന്‍,

താങ്കള്‍ക്ക്
തെറ്റിപ്പോയതാണ്...!
മാനവവംശത്തില്‍
നിന്നും
അപമാനഭാരത്താല്‍
സ്വയം പരിണമിച്ചു
കുലം വിട്ടവരായിരുന്നു
വാനരവംശം...!

26 മേയ് 2011

വേരുകള്‍


കാഴ്ചകള്‍
കണ്ടാല്‍
കണ്ണുകള്‍
പൊട്ടുമെന്ന
ഭയത്താല്‍
മണ്ണിനടിയില്‍
അഭയം
തേടിയ
മൃദുല
മനസ്കര്‍

25 മേയ് 2011

കരിങ്കണ്ണാ നോക്ക്

കടല്‍ത്തീരത്ത്
വെച്ചു
കടല
പൊതിഞ്ഞു
തന്ന
കടലാസിലെ
ചരമ കോളത്തിന്‍
നടുവിലിരുന്ന
എന്‍റെ കെട്ടിയവള്‍
എന്നെ നോക്കി
പല്ലിളിച്ചു
വിളിച്ചു പറഞ്ഞു


കരിങ്കണ്ണാ നോക്ക്!

24 മേയ് 2011

ആത്മഹത്യ

വിജനമായ തെരുവിലൂടെ
ഉച്ചഭാഷിണിയില്‍
അയാള്‍ വിളിച്ചു പറഞ്ഞു
ഞാന്‍ മരണപ്പെട്ട
വിവരം നാട്ടുകാരെയും
ബന്ധുമിത്രാധികളെയും
അറിയിക്കുന്നതോടൊപ്പം
എന്‍റെ പേരിലുള്ള
മരണാനന്തര ചടങ്ങുകള്‍
നാളെ രാവിലെ പത്തിന്........
                                   


                                 ഫൈസല്‍.കെ

23 മേയ് 2011

നിയമസഭ

രാജാവ്
നഗ്നനാണെന്നു
വിളിച്ചു പറയാന്‍
ഭയക്കുന്നവര്‍ക്ക്
കാലം
ജനങ്ങളാല്‍
പണി തീര്‍ത്തൊരു
അഭയകേന്ദ്രം

സ്വാതന്ത്ര്യം

ജീവിത
നിഘണ്ടുവില്‍
സ്വാതന്ത്ര്യമെന്ന
പദത്തിനു മാത്രം
അര്‍ഥം
കണ്ടെത്തിയില്ല

ഉത്തരാധുനികത

  കരക്കടിഞ്ഞ
തിമിംഗലത്തിന്‍
വായ തുറന്നു
നോക്കിയപ്പോള്‍
കണ്ടത്
ഒരു ബീഡിക്കുറ്റി
ഉരതി തീര്‍ന്ന 
രണ്ടു മൂന്നു
തീപ്പെട്ടി കമ്പുകളും

                         രാമചന്ദ്രന്‍ കെ

22 മേയ് 2011

ഉത്ഘാടനം


ഊതിക്കാച്ചിയ
സ്വര്‍ണ്ണവും,
ആത്മീയതയും
തമ്മിലുള്ള
അംശബന്ധം.........
പൊന്നിന്‍കടയുടെ
ഉത്ഘാടനത്തില്‍
ശിഷ്ടമില്ലാതെ
ബന്ധനത്തിലാണ്

പൊതുപ്രവര്‍ത്തനം



വോട്ടഭ്യര്‍ത്തിച്ചു
നാട്ടിന്‍പുറത്തെ
പൊതുവായനശാലയുടെ
വെള്ള പൂശിയ മതിലില്‍
പതിച്ചിട്ടു പോയ
പരസ്യങ്ങള്‍ക്കിടയില്‍


"പരസ്യം പതിക്കരുതെന്ന"

അക്ഷരക്കൂട്ടുകള്‍ക്ക് മാത്രം
അവകാശികളില്ലായിരുന്നു.....
......

ഷന്‍ഡീകരണം..............



അന്ന്
ഡിപ്പാര്‍ട്ടുമെന്‍റ്
ലൈബ്രറിയിലെ
അലമാര
തുറന്നപ്പോള്‍
ഉത്തരാധുനികതാ
കവിതാ സമാഹാരത്തിനു
പിന്നില്‍ നിന്നും
പ്രത്യുല്‍പ്പാദനശേഷി
രഹിതരായ
രണ്ടു ഇണക്കൂറകള്‍
പുറത്തേക്കു ചാടി
ആലിംഗനത്തില്‍
മുഴുകി.......................

സാമ്യത.................!

നിഴലും
രാഷ്ട്രീയക്കാരനും
ഒരമ്മ പെറ്റ
മക്കളാണ്
അതുകൊണ്ടായിരിക്കാം
ഒന്നിനെ തന്നെ
പിന്തുടര്‍ന്ന്
ഇരുവരും
കളങ്ങള്‍
മാറ്റി ചവിട്ടുന്നതും
പല കോലങ്ങളായ്
ആടുന്നതും.......................!

പ്രണയം..................


                                  

                                  പുഴ തന്‍ ഗദ്ഗദം
                                  കടത്തുകാരനറിയാതെ
                                  കടത്തു തോണിയോട്
                                  പങ്കു വെച്ചിരുന്നത്,
                                  ഓളവും തോണിയും
                                  കടത്തുക്കാരനെ
                                  പുഴയിലെറിഞ്ഞു,
                                  പരസ്പരം
                                  അലിഞ്ഞു ചേര്‍ന്നപ്പോള്‍
                                  മാത്രമായിരുന്നു

                                  നാട്ടുക്കാരറിഞ്ഞത്.......................

അവശേഷിപ്പുകള്‍

അച്ഛന്‍റെ കൂടെ
മുത്തച്ചന് വേണ്ടി
അപേക്ഷ വാങ്ങാന്‍
പോയ സമയത്ത്
വൃദ്ധസദനത്തില്‍
നിന്നും,ആരും കാണാതെ
അപേക്ഷ മോഷ്ടിച്ചിരുന്നു....
അച്ഛനു വേണ്ടി
കരുതി വെക്കാനായ് 
                                                ആശിക്.എ