13 ഏപ്രിൽ 2012

നാട്ടിലെങ്ങും വട്ടായി............



നാട്ടിലെങ്ങും വട്ടായി............


 പാട്ട് പാടിയാണ്
ചിലര്‍ക്ക്‌വട്ട് പിടിച്ചത്‌
വട്ട് പിടിച്ചാണ്
ചിലര്‍ പാട്ട് പാടി
തുടങ്ങിയതും..............
എല്ലാം
പശിയടക്കാന്‍ വേണ്ടി


 പരിണാമം

ഇന്നലെ
ഭാഗ്യക്കുറി ടിക്കറ്റ്‌
വിറ്റു തെരുവിലലഞ്ഞവന്‍
ഇന്ന്
പത്രക്കെട്ടുമായ്‌
തെരുവില്‍
അലഞലറുന്നു
നാളെയാണ് നാളെയാണ്
ചൂടുള്ള വാര്‍ത്ത‍
നാളെയാണ് നാളെയാണ്


 സുപ്രഭാതം

നോഹയുടെ
പെട്ടകത്തിലെ
വെള്ളരിപ്രാവ്‌
'അവരുടെ'
മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്
കാബേലിന്
ശവ'സംസ്കാരം'
പഠിപ്പിച്ചു കൊടുത്ത
"കറുത്ത" കാക്കയുടെ
രൂപത്തില്‍

"മുത്തക്ഷി"ക്കഥ

അധികാരത്തിന്‍റെ
അപ്പക്കഷ്ണം
പാടുന്ന കാക്ക
കൊതിയനാം
കുറുക്കന്‍...

"അമ്മിണി"
ടീച്ചറുടെ കഥ
കേട്ടു മടുത്ത
കോരന്‍
കുംബിളുമെടുത്തു
ഉച്ചകഞ്ഞി 
തേടിപ്പോയി






11 ഏപ്രിൽ 2012

UNI-WORSE-CITY




ഒന്ന്‍

തിന്നു തീര്‍ത്ത
ഉത്തരക്കടലാസുകള്‍
പുനര്‍മൂല്യനിര്‍ണയത്തിനു
വേണ്ടി തിരിച്ചു
ചോദിക്കുമെന്ന
ഭയത്താല്‍
നാളെ മുതല്‍
സര്‍വ്വകലാശാലാ
വളപ്പില്‍
പശുക്കള്‍
അലഞ്ഞുതിരിഞ്ഞു
നടക്കില്ല

രണ്ട്

അര്‍ജെന്‍റ് കേസുകള്‍
പോലും
വര്‍ഷങ്ങള്‍ കൊണ്ട്
പരിഹാരമാക്കുന്ന
ഉറക്ക കലണ്ടര്‍
കണ്ടു ഭയന്നാണത്രേ
സര്‍ട്ടിഫിക്കറ്റ്
സെക്ഷനിലെ
കൂറകള്‍
ജനിക്കാതെ
മരിച്ചവരായത്‌

മൂന്ന്‍

ചോണനുറുമ്പുകള്‍
കാന്‍റീനിലെ
സഹവാസം
മാറ്റിയത്
വി സി
അനധികൃതമായി
അണ്ടിപ്പരിപ്പ്
തിന്നുന്നുണ്ടെന്ന
സഹജീവനക്കാരുടെ
ചുമരെഴുത്ത്
കണ്ടു  ഭയന്ന്

നാല്
വി സി എന്നും
വിസി തന്നെ

03 ഏപ്രിൽ 2012

അഞ്ചാം മന്ത്രി.......

കണ്ണു പറ്റി മരിച്ചവന്‍റെ
ചാവടിയന്തിരത്തിനു
ക്ഷണിച്ചു വരുത്തി
കുത്തിയിരുത്തി
മുന്നില്‍ ഇലയിട്ടു പറയുന്നു
ചോറ് തീര്‍ന്നിട്ടില്ല.....
ഇരുപത്തൊന്നു പേര്‍ക്ക്‌
വെച്ചു വിളമ്പിയതാ
ഇനിയിപ്പോ
ഒരുത്തന് കൂടി കൊടുത്താല്‍
അടിയന്തിരത്തിനു
വിളിച്ചു വരുത്തിയവരുടെ
എണ്ണം തെറ്റി പ്പോകും
അത് കൊണ്ട് മാത്രമാ
ഒന്നും വിചാരിക്കരുത്






02 സെപ്റ്റംബർ 2011

മേല്‍ക്കൂര



അവളുടെ
സ്വപ്നങ്ങള്‍
കടമെടുത്ത്‌
മേല്‍ക്കൂര
മേഞ്ഞതിനാല്‍
മാത്രമായിരിക്കാം
പെയ്തതൊക്കെയും
പുറത്തു പോകാതെ
ജീവിതം
ചോര്‍ന്നൊലിച്ചു
തീര്‍ന്നു പോയത്‌ ,,,,,,,